*യൂറോപ് നവോത്ഥാനം*


________________________________

📝 മുഹമ്മദ് ബഷീർ 

 മദ്ധ്യ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇറ്റലിയിൽ ആരംഭിക്കുകയും പിന്നീട് യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്ന, ഏകദേശം 14-ആം നൂറ്റാണ്ടുമുതൽ 17-ആം നൂറ്റാണ്ടുവരെ നിലനിന്ന, സാംസ്കാരികപ്രസ്ഥാനമായിരുന്നു. ക്ലാസിക്കൽ ഉറവിടങ്ങൾ ഉപയോഗിച്ചുള്ള വിജ്ഞാനത്തിന്റെ പുനരുജ്ജീവനം, ഈ വളർച്ചയ്ക്ക് രാജകൊട്ടാരങ്ങളുടെയും പോപ്പിന്റെയും പിന്തുണ, ശാസ്ത്രത്തിന്റെ പുരോഗതി, ചിത്രകലയിൽ പെഴ്സ്പെക്ടീവിന്റെ ഉപയോഗം എന്നിവ നവോത്ഥാനത്തിന്റെ പ്രത്യേകതകളായിരുന്നു. ബൌദ്ധിക മേഖലകളിൽ നവോത്ഥാനത്തിനു വ്യാപകമായ സ്വാധീനം ചെലുത്താനായി. എങ്കിലും നവോത്ഥാനം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ലിയനാർഡോ ഡാ വിഞ്ചി, മൈക്കെലാഞ്ജലോ തുടങ്ങിയ സകലകലാവല്ലഭരുടെ കലാപരമായ സംഭാവനകൾക്കാണ്. നവോത്ഥാന മനുഷ്യർ  എന്ന വാക്  രൂ‍പം കൊള്ളുന്നതിനു ഇവർ കാരണമായത്  ഇക്കാലത്താണ് ആധുനികശാസ്ത്രത്തിന്റെയും, സാഹിത്യത്തിന്റെയും അടിത്തറ പാകിയ മഹാരഥൻമാർ ജീവിച്ചിരുന്നത്. ഇന്നു നാം ഉപയോഗിക്കുന്ന പല നിത്യോപയോഗസാധനങ്ങളുടെയും രുപരേഖകൾ അന്നത്തെ പലരും വരച്ചിട്ടിരുന്നു. നവോത്ഥാനകാലത്തിന്റെ ഫലമായി ഉണ്ടായ വിജ്ഞാനസ്ഫോടനമാണ്‌‍ പിന്നീട് പുതിയ ഭൂഭാഗങളുടെ കണ്ടെത്തലിനും അതിനു ശേഷം സാമ്രാജ്യത്വ സംഘട്ടനത്തിനും കാരണമായത്.
  പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ചിന്തകനായ ഫ്രാൻസിസ്കോ പെട്രാർക്ക് ഈ കാലവിഭജനത്തെ കീഴ്മേൽ മറിക്കുകയും റോമൻ ചക്രവർത്തിയായ കോൺസ്റ്റാന്റീൻ ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്നുള്ള ക്രൈസ്തവയുഗത്തെ അന്ധകാരയുഗമെന്നു നിർവചിക്കുകയും ചെയ്തു. പെട്രാർക്കിനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവപൂർവഘട്ടം വെളിച്ചത്തിന്റെ യുഗമാണ്. പെട്രാർക്കിന്റെ അനുയായികൾ പൌരാണികയുഗം, അപചയഘട്ടം, നവീനയുഗം എന്നിങ്ങനെ ചരിത്രത്തെ മൂന്നായി വിഭജിച്ചു. ഈ നവീനയുഗത്തെയാണ് നവോത്ഥാനം പ്രതിനിധാനം ചെയ്യുന്നത്. തികച്ചും ശ്രദ്ധിക്കപ്പെടാതെ ആരംഭിച്ച് വളരെ സാവധാനത്തിലുള്ള പുരോഗതിയിലൂടെയാണ് നവോത്ഥാനത്തിന്റെ പ്രത്യാഘാതങ്ങൾ ഇറ്റലിയിൽനിന്നും ഉത്തരപശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലേക്ക് സംക്രമിച്ചത്.

മധ്യകാലയൂറോപ്പിന്റെ ഭാഗധേയങ്ങൾ നിർണയിച്ച രണ്ട് പ്രധാന ഘടകങ്ങളായിരുന്നു റോമൻ കത്തോലിക്കാസഭയും വിശുദ്ധ റോമാസാമ്രാജ്യവും. എന്നാൽ 16-ാം ശതകത്തോടെ ഇവയ്ക്കുണ്ടായ അപചയവും നവോത്ഥാനത്തിന്റെ മുന്നേറ്റവും സമാന്തരസംഭവങ്ങളാണ്. യൂറോപ്യൻജനതയെ ഏകോപിപ്പിച്ചുനിർത്തിയ വിശുദ്ധ റോമാസാമ്രാജ്യം ബലഹീനമായതിനു പിന്നിൽ വിശുദ്ധ റോമാചക്രവർത്തിയും പോപ്പും തമ്മിലുള്ള അധികാര മത്സരങ്ങൾ നിർണായക പങ്കു വഹിക്കുകയുണ്ടായി.

14-ാം ശതകത്തിൽ ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തിൽ കലാശിച്ച 'കറുത്ത മരണം  എന്നറിയപ്പെടുന്ന പകർച്ചവ്യാധി, വാസ്തവത്തിൽ പള്ളിയുടെ അർഥശൂന്യതയെക്കുറിച്ചും ക്രൈസ്തവേതരമായ ചിന്താധാരകളെക്കുറിച്ചും ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു തുടങ്ങിയിരുന്നു.

പുതിയ നഗരങ്ങളുടെ വളർച്ചയും വികാസവും നവോത്ഥാനത്തിന് അനുകൂലമായ പശ്ചാത്തലമൊരുക്കി. കാർഷികപ്രധാനമായ മദ്ധ്യകാലസംസ്കാരത്തിൽ നിന്നും വ്യത്യസ്തമായി വാണിജ്യത്തിലും വ്യാപാരത്തിലും അധിഷ്ഠിതമായ സമ്പദ്ഘടനയായിരുന്നു നഗരങ്ങളുടേത്. വാണിജ്യത്തിൽ നിന്നും വ്യാപാരത്തിൽ നിന്നും ലഭിച്ച ധനം നഗരവാസികളുടെ കാഴ്ചപ്പാടിൽ സമഗ്രമായ മാറ്റമുണ്ടാക്കി. ജീവിതനിലവാരം മെച്ചപ്പെട്ടതോടെ വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്താനും വിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും അവർക്കു കഴിഞ്ഞു. നാഗരിക സംസ്കാരത്തിന്റെയും ആധുനികവിദ്യാഭ്യാസത്തിന്റെയും ഫലമായി ജനങ്ങൾക്കിടയിൽ മതത്തിനുണ്ടായിരുന്ന പ്രഭാവം ക്ഷയിക്കുകയും ലൌകികവും മതേതരവുമായ ലോകബോധത്തിനു പ്രചാരം സിദ്ധിക്കുകയും ചെയ്തു.

സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ മതാധിപത്യത്തെ ശക്തമായി പ്രതിരോധിച്ച നവമധ്യവർഗം വിജ്ഞാനത്തിന്റെ പുതിയമേഖലകൾ വികസിപ്പിക്കുകയും മതേതരമായ ആധുനികഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുകയുമാണ് ചെയ്തത്. വ്യക്തിനിഷ്ഠമായ സ്വാതന്ത്ര്യത്തിനും ചിന്താപരമായ നവീകരണത്തിനും വേണ്ടി വാദിച്ച മനുഷ്യവർഗ പ്രബുദ്ധതയുടെ പ്രകാശനമായിരുന്നു നവോത്ഥാനം.

ഇറ്റലിയിലെ ഫ്ളോറൻസിലാണ് നവോത്ഥാനം ആരംഭിച്ചത്. ഫ്ലോറൻസിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം, 'മെഡീചി' എന്ന കുടുംബത്തിന്റെ രക്ഷാകർതൃത്വം, കോൺസ്റ്റാന്റിനോപ്പിളിന്റെ തകർച്ചയോടെ ഗ്രീക്ക് പണ്ഡിതരുടെ കുടിയേറ്റം, സാമ്പത്തിക ഉത്പാദന ബന്ധങ്ങളിലുണ്ടായ മാറ്റങ്ങൾ തുടങ്ങി പല കാരണങ്ങൾ നവോത്ഥാനത്തിന്റെ രൂപപ്പെടലിനെക്കുറിച്ച് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിയമജ്ഞർ, തത്ത്വചിന്തകർ, കവികൾ, കലാകാരന്മാർ തുടങ്ങിയവർ പുരാതന ഗ്രീക്-റോമൻ സംസ്കാരങ്ങളെയും കലയെയും കുറിച്ച് പഠിക്കാനാരംഭിച്ചു. ക്ളാസ്സിക്കൽ കാലത്തെ പുനർനിർമ്മിക്കാനും, അനുകരിക്കാനുമുള്ള ശ്രമങ്ങൾ ശക്തമായിത്തീർന്നു.

15-ാം ശതകത്തോടെ ഗ്രീക്ക് പൗരാണിക കാലഘട്ടം പഠനങ്ങളുടെ സുപ്രധാന മേഖലയായിത്തീർന്നു. നഷ്ടപ്പെട്ട ഗ്രന്ഥങ്ങളുടെ കണ്ടെത്തൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്ര, സാഹിത്യ ഗ്രന്ഥങ്ങളുടെ സൂക്ഷ്മ വായനകൾ, ഗ്രീക്ക് തത്ത്വചിന്തയിലെ മാനവികാംശങ്ങളെ വിപുലീകരണം തുടങ്ങിയവ ഇക്കാലത്തിന്റെ ബൌദ്ധിക സ്വഭാവങ്ങളായിരുന്നു. പ്ലേറ്റോയുടെ കൃതികൾ, ഗ്രീക്ക് ട്രാജഡികൾ, പ്ലൂട്ടാർക്കിന്റെയും കവിനോഫോണിന്റെയും വിവരണങ്ങൾ തുടങ്ങിയവ അന്വേഷണങ്ങളുടെ ഭാഗമായിത്തീർന്നു. കൊലുകിയോ ഡലുടാറ്റി, ലിയൊനാർദോ ബ്രൂണോ തുടങ്ങിയ കൌൺസിലർമാരുടെ കീഴിൽ ഹ്യൂമനിസ്റ്റുകൾ ഫ്ളോറൻസിന്റെ നയങ്ങളെ എതിർത്തു. പോഗിയോ ബ്രാസിയോളിനിയുടെ നേതൃത്വത്തിൽ പുരാതന കൈയെഴുത്തുപ്രതികൾ പഠിക്കുകയും അവരുടെ കാലഘട്ടത്തിലെ ദുരയെയും, പൊള്ളത്തരങ്ങളെയും പരിഹസിച്ചുകൊണ്ട് എഴുതുകയും, പ്രസംഗിക്കുകയും ചെയ്തു. മറ്റുചിലർ സ്വതന്ത്രചിന്തയുടെ ആവശ്യത്തിലൂന്നി, ബൈബിളും, പള്ളിയും, ക്രൈസ്തവതയും വിമർശന വിധേയമാക്കി. വിമർശനാത്മക ചിന്ത, രാഷ്ട്രീയത്തിലും, തത്ത്വചിന്തയിലും വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു. മതപരമായ നോട്ടക്കോണുകളിൽനിന്ന് മാറി മതേതരമായ സമീപനങ്ങൾ വളർന്നുവന്നു.

പൗരോഹിത്യ ഭക്തിയെ അപ്രസക്തമാക്കിക്കൊണ്ട് ഭൗതികവും മതേതരവുമായ ലോകബോധത്തിന് പ്രചാരം കൈവന്നു. വ്യക്തിനിഷ്ഠമായ സ്വാതന്ത്യ്രത്തിനും ചിന്താപരമായ നവീകരണത്തിനുംവേണ്ടി നിലകൊണ്ടതായിരുന്നു നവോത്ഥാനത്തിന്റെ സവിശേഷത. മതമേധാവികൾതന്നെ നിയമങ്ങൾ ലംഘിക്കുകയും പുതിയ മതേതര രാഷ്ട്രീയ വിഭാഗങ്ങളോട് ഐക്യപ്പെടുകയും ചെയ്തു. കത്തോലിക്കാസഭയുടെ അപ്രമാദിത്യത്തിനും അധികാരവാഞ്ജയ്ക്കുമെതിരെ സഭയ്ക്കകത്തുനിന്നുതന്നെ പരിഷ്കരണ ശബ്ദങ്ങൾ ഉയർന്നുവന്നു. ഇറാസ്മസ് തുടങ്ങിവച്ച മതനവീകരണ പ്രക്രിയയെ അതിന്റെ പൂർണതയിലെത്തിച്ചത് മാർട്ടിൻ ലൂഥറാണ്. റോജർ ബേക്കൺ, പീറ്റർ അംബവാർഡ്, ഡൺസ് സ്കോട്ടസ് തുടങ്ങിയ ചിന്തകരും ഇതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 1517-ലാണ് പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ആരംഭിക്കുന്നത്. കത്തോലിക്കാസഭയുടെ മതനിയമങ്ങളെ പരിഷ്കരിക്കണമെന്നുള്ള അവശ്യം ഉന്നയിക്കപ്പെട്ടു. സഭയുടെയും പോപ്പിന്റെയും അധികാരം ചോദ്യം ചെയ്യപ്പെട്ടു. പ്രൊട്ടസ്റ്റന്റനിസം യൂറോപ്യൻ ക്രൈസ്തവസഭയെ മാറ്റിമറിക്കുകയും വിശ്വാസപരമായ ബഹുത്വത്തിന് പ്രചോദകമാവുകയും ചെയ്തു.

മുതലാളിത്തത്തിന്റെ പിറവിക്കൊപ്പം ദേശരാഷ്ട്ര സങ്കല്പങ്ങളുടെ ആദിമാതൃകകളും നവോത്ഥാനം സംഭാവന ചെയ്തിട്ടുണ്ട്. സ്പെയിൻ, ഫ്രാൻസ്, സ്വീഡൻ, ഡച്ച് റിപ്പബ്ലിക് തുടങ്ങിയ ഭരണകൂടങ്ങളുമായി റോമാസാമ്രാജ്യമുണ്ടാക്കിയ വെസ്റ്റ് ഫാലിയൻ സമാധാനക്കരാർ (1648) ഇതിനുദാഹരണമായെടുക്കാം. പരസ്പരം അംഗീകരിക്കാനും, അതിർത്തികൾ മാനിക്കാനും ഇതിൽ തീരുമാനമുണ്ടായി. പരസ്പരം കടന്നാക്രമിക്കാതിരിക്കുക, സ്വയം നിർണയനാവകാശങ്ങൾ അംഗീകരിക്കുക, രാജ്യങ്ങൾക്കിടയിൽ നിയമപരമായ തുല്യത പാലിക്കുക തുടങ്ങിയവയും ഇതിന്റെ ഭാഗമായി നിലവിൽവന്നു. യൂറോപ്പിലെ മതങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച വെസ്റ്റ്ഫാലിയൻ സിസ്റ്റം ദേശരാഷ്ട്ര ഭാവനയുടെ ആദിരൂപമായി കാണാവുന്നതാണ്.

അന്വേഷണാത്മകതയെയോ യുക്തിചിന്തയെയോ പ്രോത്സാഹിപ്പിക്കാത്ത സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസം, മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിലാണ് വിജയിച്ചത്. മതാധിഷ്ഠിതമായ വിദ്യാഭ്യാസരീതിയെ ചോദ്യം ചെയ്യാൻ ഉത്പതിഷ്ണുക്കൾ മുതിർന്നതോടെ യൂറോപ്പ് അത്ഭുതകരമായ ബൗദ്ധികമുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. കത്തോലിക്കാപ്പള്ളി നേരിട്ട അപചയാവസ്ഥയും ഈ ബൗദ്ധികമുന്നേറ്റത്തെ ത്വരിതപ്പെടുത്തി. ക്രിസ്തുമതത്തിലെ ആശയങ്ങളും പ്രയോഗങ്ങളും തമ്മിലുള്ള അന്തരം മൂലം പള്ളിയെ വിമർശനാത്മകമായി വീക്ഷിക്കുവാൻ ജനം തയ്യാറായി. മതാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ നിന്നും സർഗാത്മകതയുടെ പുതിയ തലങ്ങളിലേക്ക് മനുഷ്യൻ ചെന്നകാലമായിരുന്നു നവോത്ഥാനം.

യൂറോപ്പിന്റെ ഈ ബൗദ്ധിക മുന്നേറ്റത്തിന് നിർണായക സ്വാധീമായ ഘടകങ്ങളാണ് ഗുട്ടൻബർഗ് അച്ചടി കണ്ടുപിടിച്ചതും ഗ്രീക്-റോമൻ ഗ്രന്ഥങ്ങൾക്ക് ലഭിച്ച പ്രചാരവും. അതുകൊണ്ടാണ് പുരാതന ഗ്രീക്ക്-റോമൻ സംസ്കാരങ്ങളുടെ ഉയിർത്തെഴുന്നേല്പായി ചില പണ്ഡിതർ നവോത്ഥാനത്തെ വിശേഷിപ്പിച്ചത്. 15-ാം ശ.-ത്തിലുണ്ടായ അച്ചടിയുടെ കണ്ടുപിടിത്തം യൂറോപ്പിനെ വിപ്ലവകരമായി മാറ്റിമറിച്ചു. അച്ചടിയുടെ കണ്ടുപിടിത്തം വായനയെ ജനപ്രിയമാക്കുകയും വിജ്ഞാനത്തിന്റെ വെളിച്ചം യൂറോപ്പിലാകെ പടർത്തുകയും ചെയ്തു. പുതിയ അറിവ് നേടാനും സ്വതന്ത്രമായി ചിന്തിക്കാനും മനുഷ്യനെ പ്രാപ്തനാക്കിയ ഈ കണ്ടുപിടിത്തം നവോത്ഥാനത്തെ ത്വരിതപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി. ക്ലാസ്സിക്കുകളെ ഗൗരവമായി പഠിച്ചവർ ഹ്യൂമനിസ്റ്റുകൾ എന്നറിയപ്പെട്ടു. വിസ്മൃതിയിലാണ്ട പഴയ ക്ലാസ്സിക്കുകളെ വീണ്ടെടുക്കാൻ ഹ്യൂമനിസ്റ്റുകൾ നടത്തിയ ശ്രമങ്ങൾ അവരെ യൂറോപ്പിന്റെ പല കോണുകളിലും എത്തിച്ചു. 1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതിനെത്തുടർന്ന് പാരിസ്, ബർലിൻ, റോം, നേപ്പിൾസ്, വെനീസ്, ഫ്ലോറൻസ് തുടങ്ങിയ നഗരങ്ങളിൽ അഭയം തേടിയ പണ്ഡിതന്മാർ ഗ്രീക്ക് ഭാഷയും ക്ലാസ്സിക്കുകളും യൂറോപ്പിൽ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഈ നഗരങ്ങളാണ് നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രങ്ങളായി മാറിയത്.

16-ാം ശ.-ത്തോടെ നഗരങ്ങൾ കേന്ദ്രീകരിച്ചു നിലവിൽ വന്ന അക്കാദമികൾ ശാസ്ത്ര-സാഹിത്യവിഷയങ്ങൾക്കു പ്രത്യേക പ്രാമുഖ്യം നല്കിയത് ജനങ്ങളെ പ്രബുദ്ധരാക്കുകയാണുണ്ടായത്. അവരുടെ ചിന്താമണ്ഡലത്തിൽ വിപ്ളവകരമായ പരിവർത്തനങ്ങൾ നടന്നു. സ്വർഗത്തിലെയും ഭൂമിയിലെയും കാര്യങ്ങൾ വിമർശനാത്മകമായി കാണുക എന്നതായിരുന്നു ഈ കാലത്തെ ബൌദ്ധികതയുടെ സവിശേഷത. 18-ാം ശ.-ത്തിന്റെ ആദ്യ പകുതിയിൽ ഫ്രാൻസിൽ ആരംഭിച്ച പ്രബുദ്ധതായുഗം നവോത്ഥാനത്തിന്റെ തുടർച്ചയായിരുന്നു.

സാമൂഹികമേഖലയിൽ നഗരങ്ങളുടെ വളർച്ച, ഫ്യൂഡലിസത്തിന്റെ അപചയം എന്നിവപോലെ സാമ്പത്തികമേഖലയിൽ മുതലാളിത്തത്തിന്റെ വളർച്ചയും യൂറോപ്യൻ പര്യവേക്ഷണങ്ങളും നവോത്ഥാനകാലത്തെ സവിശേഷതകളായിരുന്നു. 16-ാം ശ.-ത്തിലുണ്ടായ യൂറോപ്പിന്റെ സാമ്പത്തികവികസനം ആധുനിക സാമ്പത്തികക്രമത്തിലെ പ്രധാന ഘടകമായ മുതലാളിത്ത വ്യവസ്ഥിതിയുടെ വളർച്ചയ്ക്ക് കാരണമായി. ഏഷ്യ, അമേരിക്ക, ആഫ്രിക്ക എന്നിവയുമായുള്ള വാണിജ്യവ്യാപാരബന്ധങ്ങൾ യൂറോപ്പിൽ മുതലാളിത്തവ്യവസ്ഥയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകമായിരുന്നു.

മുതലാളിത്തവ്യവസ്ഥിതിയുടെ ആവിർഭാവം മധ്യയുഗത്തിൽ നിന്നും ആധുനികയുഗത്തിലേക്കുള്ള പരിവർത്തനത്തിന് ആക്കം കൂട്ടി എന്നു മാത്രമല്ല, അന്താരാഷ്ട്രവ്യാപാരത്തിൽ നിന്നും സമാഹരിച്ച മൂലധനം സർഗാത്മകപ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിന് ആഢ്യവർഗം വിനിയോഗിച്ചതും നവോത്ഥാനകാലഘട്ടത്തെ സജീവമാക്കിയിരുന്നു.

15-ാം ശ.-ത്തിലെ യൂറോപ്യൻ പര്യവേക്ഷണങ്ങൾ യൂറോപ്പും ലോകവുമായുള്ള ബന്ധം മാറ്റിമറിച്ചു. യൂറോപ്പിനെ ലോകത്തിന്റെ ഇതരഭാഗങ്ങളുമായി അടുപ്പിച്ച ഈ പര്യവേക്ഷണങ്ങളെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെന്നാണ് ആഡംസ്മിത്ത് വിശേഷിപ്പിച്ചത്. വാണിജ്യവ്യാപാരത്തിനു പുറമേ മതപരിവർത്തനത്തിന്റെയും കോളനിവത്കരണത്തിന്റെയും അനന്തമായ സാധ്യതകളാണ് ഈ പര്യവേക്ഷണങ്ങൾ യൂറോപ്പിനു തുറന്നുകൊടുത്തത്. യൂറോപ്യൻ അതിരുകൾക്കപ്പുറത്തേക്കുനീണ്ട ഈ പര്യവേക്ഷണങ്ങൾ വിജയിച്ചതിനുപിന്നിൽ യൂറോപ്പ് സ്വായത്തമാക്കിയ സാങ്കേതികമികവിന്റെ പിൻബലമുണ്ടായിരുന്നു. 15-ാം ശ. വരെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സാങ്കേതിക വ്യാവസായികരംഗത്ത് യൂറോപ്പ് പിന്നോക്കാവസ്ഥയിലായിരുന്നു. എന്നാൽ 13-15-ാം ശ.-ത്തിനിടയ്ക്ക് മറ്റ് സംസ്കാരങ്ങളിൽ നിന്നും അറിവ് നേടാനും സമഗ്രമായ പാഠങ്ങൾ ഉൾക്കൊള്ളാനും യൂറോപ്പിനു കഴിഞ്ഞു. ആധുനിക ലോകത്തിന്റെ ഘടനയ്ക്കു വഴിതെളിച്ച അച്ചടി, വെടിമരുന്ന് എന്നിവയ്ക്ക് ചൈനയോടും ആൾജിബ്ര, ജ്യോമിട്രി എന്നിവയ്ക്ക് അറബികളോടും അവർ കടപ്പെട്ടിരുന്നു. യൂറോപ്പിന്റെ മുഖഛായ മാറ്റിയ നവോത്ഥാനത്തിൽ ചൈനീസ്, അറേബ്യൻ സംസ്കാരം ചെലുത്തിയ സ്വാധീനങ്ങൾ നിർണായകമായിരുന്നു.

ആധുനിക യൂറോപ്യൻ സംസ്കാരത്തെ രൂപപ്പെടുത്തിയത് പൗരാണിക ഗ്രീക്ക് റോമൻ മൂല്യങ്ങൾ മാത്രമാണ് എന്നായിരുന്നു ആദ്യകാല യൂറോപ്യൻ ചരിത്രപണ്ഡിതരുടെ വാദം. ലോകത്തെ ഇതര സംസ്കാരങ്ങളെ ഇകഴ്ത്തിക്കൊണ്ടും യൂറോപ്പിനെ മഹത്ത്വവത്കരിച്ചുകൊണ്ടുമുള്ള ഈ യൂറോകേന്ദ്രീകൃത കാഴ്ചപ്പാടിന് ഇന്ന് മങ്ങലേറ്റിട്ടുണ്ട്. യൂറോപ്പിന്റെ സംസ്കാരരൂപീകരണത്തിൽ ഗ്രീക്ക്-റോമൻ മൂല്യങ്ങളോടൊപ്പം ഏഷ്യൻ-ആഫ്രിക്കൻ-അറേബ്യൻ സംസ്കാരവും ഗണ്യമായ സ്വാധീനം ചെലുത്തി എന്ന് ജോസഫ് നീഡ്ഹാം, മാർട്ടിൻ ബെർണൽ, ഗാമിൻ മെൻഡിസ് തുടങ്ങിയ ചിന്തകർ ചൂണ്ടിക്കാട്ടുന്നു.
*_______________________________*

*DEPARTMENT OF EXTERNAL AFFAIRS*

*AFSAH STUDENTS' UNION*
*ANWARUL HUDA ISLAMIC COMPLEX RAMAPURAM*

Comments